പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് പ്രമുഖ നടന്‍?; നിരീക്ഷണം കൂടുതല്‍ താരങ്ങളിലേയ്ക്ക്

single-img
13 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം കൂടുതല്‍ അറസ്റ്റുകള്‍ക്കു തയ്യാറെടുക്കുന്നു. നടന്‍ ദിലീപിനു പുറമെ അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായാണ് സൂചന. 2012ന് മുമ്പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അതിനാല്‍ അന്ന് അത്തരത്തിലുള്ളൊരു ക്വട്ടേഷന്‍ പള്‍സറിനെ ഏല്‍പ്പിക്കണമങ്കില്‍ സുനിയെ അടുത്തറിയാവുന്ന ആളായിരിക്കും ദിലീപിന് പരിചയപ്പെടുത്തി കൊടുത്തതെന്ന അനുമാനത്തിലാണ് പോലീസ്. അതുകൊണ്ട് അന്വേഷണം സുനിയെ പരിചയമുള്ള പ്രമുഖ നടനിലേക്കാണ് എത്തി നില്‍ക്കുന്നത്.

സുനിയുടെ മുന്‍കാല ക്രിമിനല്‍ കേസുകളെക്കുറിച്ച് അറിയുന്ന ആളായിരിക്കും ഈ നടന്‍. അതേസമയം കുറ്റകൃത്യം നടന്ന ഫെബ്രുവരി 17ന് രാത്രി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ വിളിച്ചിട്ടും ദിലീപ് ഫോണ്‍ എടുത്തില്ല. എന്നാല്‍ പ്രമുഖ നടന്റെ കോളുകള്‍ മാത്രം എടുത്തു. അതിനാല്‍ നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ഈ നടനും അറിവുണ്ടായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. അമ്മ സംഘടനയുടെ യോഗം നടന്ന വേദിയിലും ദിലീപിന് വേണ്ടി ഈ നടന്‍ ശബ്ദിച്ചിരുന്നു.

സംഭവത്തിന് മുന്‍പും ശേഷവും ഈ നടനും ദിലീപുമായുള്ള ആശയവിനിമയം നടത്തിയതിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപും സുനിയുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന ഒരു നടി ഇത് സംബന്ധിച്ച സൂചനകള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ചില നടന്മാര്‍ ഇത് മറച്ചു വെയ്ക്കാന്‍ ശ്രമിച്ചു. സിനിമ രംഗത്തെ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.