കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ ദിലീപ്?; സിബിഐ അന്വേഷണം തുടങ്ങി

single-img
13 July 2017

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭൂമി ഇടപാടുകളില്‍ കലാഭവന്‍ മണിക്കും പങ്കുണ്ടായിരുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടു പിന്നാലെ ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രംഗത്തെത്തി. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ രംഗത്തുള്ളവരും രംഗത്ത് എത്തിയിട്ടുണ്ട്.

ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതാണ് സംശയത്തിന് കാരണമെന്ന് രാമകൃഷ്ണന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തേയും സംശയമുണ്ടായിരുന്നെന്നും ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐയോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ദിലീപിനും മണിക്കും രാജാക്കാടും മൂന്നാറും റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു.

കലാഭവന്‍ മണി മരിച്ചതിന് പിന്നാലെ ദിലീപ് വീട്ടില്‍ എത്തിയത് ഒരേയൊരു തവണ മാത്രമായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അതുപോലെ തന്നെ ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധം തകര്‍ന്നത് മണിക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നതായും വ്യക്തമാക്കി. നേരത്തേ കേസ് അന്വേഷിച്ച പോലീസിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മാതൃഭൂമി ന്യൂസില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു. മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയെയും അന്വേഷണസംഘം ചോദ്യം ചെയ്യും.