സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രഫിയില്‍ നവ്യാനുഭവമായി നോക്കിയ 9 എത്തുന്നു: തീര്‍ച്ച! ഇതിലെ ക്യാമറ നിങ്ങളെ അദ്ഭുതപ്പെടുത്തും
നിങ്ങള്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരാണോ. കൂടുതല്‍ വ്യക്തതയില്‍ കൗതുകമുള്ള സെല്‍ഫികളെടുത്ത് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത.
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ നിങ്ങളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാനൊരുങ്ങുന്നു. 2012 ല്‍ പ്യൂവര്‍വ്യൂ 808 ക്യാമറയുമായി മൊബൈല്‍ രംഗത്തെത്തി പുതിയ വിപ്ലവത്തിന് തുടക്കമിട്ട കമ്പനി ഇപ്പോള്‍ അതിനേക്കാള്‍ മികച്ച ക്യാമറ സംവിധാനവുമായി സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍.
ഇക്കുറി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ക്യാമറയില്‍ വേറിട്ട അനുഭവം നല്‍കുന്നതിനായി അദ്വിതീയ ലെന്‍സ് നിര്‍മ്മാതാവായ സൈസിനെ വീണ്ടും കൂട്ടു പിടിച്ചിരിക്കുകയാണ് നോക്കിയ. സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രഫിയിലെ പരമമായ അനുഭവം നല്‍കുന്നതായിരിക്കും തങ്ങളുടെ അടുത്ത ക്യാമറ എന്നാണ് ഫിന്‍ലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോക്കിയയുടെ പുതിയ അവകാശവാദം.
നോക്കിയ 9 എന്ന പേരില്‍ പണിപ്പുരയിലൊരുങ്ങുന്ന ഫോണിലായിരിക്കും സൈസുമൊത്തുമുള്ള സഖ്യം ഇനി തുടങ്ങുക. കേട്ടുകേള്‍വികള്‍ ശരിയാണെങ്കില്‍ 13 mp യുള്ള ഇരട്ടക്യാമറകളായിരിക്കും പുതിയ ഫോണില്‍ നോക്കിയ ഉള്‍പ്പെടുത്തുക.