‘പ്രായമായവരെ കടുവകള്‍ക്ക് എറിഞ്ഞുകൊടുക്കും; മുതലക്കണ്ണീരൊഴുക്കുന്നത് സര്‍ക്കാരിന്റെ പണം കിട്ടാന്‍’: ഇങ്ങനെയും ഒരു നാട്

single-img
9 July 2017

പണത്തിനായി ജന്മം നല്‍കിയവരെ പോലും മൃഗങ്ങള്‍ക്ക് ബലി നല്‍കുന്ന നാടായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്. വൃദ്ധരായ മാതാപിതാക്കളെ സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുന്നതിനായി കടുവയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഇവിടെയുള്ള മനുഷ്യത്വം നശിച്ച ഒരു കൂട്ടം ജനങ്ങള്‍. മക്കളുടെ കുത്തുവാക്കുകളില്‍ മനംനൊന്ത് കുടുംബത്തിലുള്ളവര്‍ക്ക് പണം ലഭിക്കാനായി സ്വയം കടുവയ്ക്ക് ഇരയായവരുമുണ്ട്് ഇവിടെ. പിലിഭത് കടുവ സംരക്ഷമേഖലയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ അധികാരികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഫെബ്രുവരി മാസത്തില്‍ മാത്രം പിലിഭിത് മേഖലയില്‍ കൊല്ലപ്പെട്ടത് 8 പേരാണ്. അതും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയവതാകട്ടെ അതിര്‍ത്തിയിലെ വയലുകളില്‍ നിന്നും.

ഇതില്‍ സംശയം തോന്നിയ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഗൗരവതരമായ അന്വേഷണത്തിലൂടെ സംഭവങ്ങള്‍ വെളിച്ചെത്തു കൊണ്ടുവരികയായിരുന്നു. നഷ്ടപരിഹാരം മോഹിച്ച്് സ്വന്തം കുടുംബത്തിലുള്ളവര്‍ തന്നെ വൃദ്ധരെ കടുവയ്ക്ക് നല്‍കുകയായിരുന്നുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. കടുവകള്‍ സൈ്വരവിഹാരം നടത്തുന്ന സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ വച്ചു കൊല്ലപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വനാതിര്‍ത്തിയിലും കൃഷിയിടങ്ങളിലും വൃദ്ധരെ ഉപേക്ഷിക്കുകയായിരുന്നു.

ഇതില്‍ മാത്രം ഒതുങ്ങുന്നില്ല ക്രൂരത. വൃദ്ധരെ കടുവ മറ്റെവിടെങ്കിലും വെച്ച് കൊല്ലുകയാണെങ്കില്‍ തിന്നതിനുശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ തന്നെ വയലുകളില്‍ കൊണ്ടുവന്നിടുന്നതായും ക്രൈം കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതോടെ ഗ്രാമവാസികളില്‍ പലര്‍ക്കും സംഭവത്തില്‍ ഇതേസംശയം രൂപപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്റില്‍ നിന്നുള്ള വരുമാനമാണ് ബന്ധുക്കളുടെ ലക്ഷ്യമെന്നു തന്നെയാണ് ഗ്രാമവാസികളും പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ ഒടുവില്‍ കൊല്ലപ്പെട്ടത് 56 വയസ്സുള്ള സ്ത്രീയായിരുന്നു.

ഇവരുടെ വസ്ത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തിയ സ്ഥലത്തു നിന്നും മാറി ഏകദേശം ഒരു കിലോമീറ്ററോളം അകലെയുള്ള കൃഷിയിടത്തില്‍ നിന്നുമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. ഇതും അധികൃതരുടെ സംശയം കുടുംബത്തിലുള്ളവരിലേക്ക് നീളാന്‍ കാരണമായി.