വാദിയെ പ്രതിയാക്കി പോലീസ്; കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ പോലീസിന്റെ അതിക്രമം

single-img
6 July 2017

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പോലീസ് അതിക്രമം. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുവെച്ച് പോലീസിനു കൈമാറിയ പതിനഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒമ്പതുപേരെ വിട്ടയക്കുകയും ആറ് പേര്‍ക്കെതിരെ പിടിച്ചുപറി കുറ്റത്തിന് കേസെടുക്കുകയുമായിരുന്നു. കസ്റ്റഡയിലെടുത്തവരെ സ്‌റ്റേഷനില്‍ വെച്ച് സിഐ അനന്തലാല്‍ മര്‍ദ്ദിച്ചതായായും അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിക്കായിരുന്നു സംഭവം.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സുഹൃത്തുകളുമായി യാത്രക്ക് എത്തിയതായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതി. ഈ സമയം അടുത്തെത്തിയ യുവാവ് തന്റെ കൈവശം ഉണ്ടായിരുന്ന പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുകളുടെ സഹായത്തോടെ ഇയാളെ പിടികൂടിയ പാര്‍വതി പോലീസിനെ വിളിച്ചു വരുത്തിയ ശേഷം കൈമാറുകയായിരുന്നു. എന്നാല്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ കൂട്ടാക്കാഞ്ഞ പോലീസ് ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞുവിട്ട ശേഷം അക്രമിയോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട തങ്ങളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. സിഐ അനന്ത്‌ലാലിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം ആരംഭിച്ച പോലീസ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ അറിയിച്ചു. മര്‍ദ്ദിക്കുന്നതിനിടയില്‍ ഒരോറ്റ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും എറണാകുളം ജില്ലയില്‍ കണ്ടുപോകരുതെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.

പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ച അക്രമി സ്ഥിരം കുഴപ്പക്കാരനാണെന്നും ഇയാള്‍ രണ്ടു ദിവസം മുന്‍പ് ബലൂണില്‍ വെള്ളം നിറച്ച് അതിനകത്ത് കല്ലിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നതായും ഇവര്‍ പറയുന്നു. പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ അഡ്വ.അതിഥി പൂജ,ആന്‍ഡ്രിയ, ജാസ്മിന്‍, എന്നിവരടക്കം പതിനഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.