ജിഎസ്ടിയുടെ മറവില്‍ റെയില്‍വേ സ്റ്റേഷനിലും വന്‍കൊള്ള: ഊണിന് 23 രൂപ കൂട്ടി

single-img
6 July 2017

കോഴിക്കോട്: ജിഎസ്ടിയുടെ പേരില്‍ വന്‍ കൊള്ള നടത്തി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍. യാതൊരു മാനദണ്ഡവുമില്ലാതെ ഊണിന് 23 രൂപ വര്‍ദ്ധിപ്പിച്ചാണ് ഇവിടെ യാത്രക്കാരെ പിഴിയുന്നത്. നോണ്‍വെജിറ്റേറിയന്‍ ഊണിനാണ് വിലകൂട്ടിയിരിക്കുന്നത്. 40 രൂപയുള്ള ഊണിന് ഇപ്പോള്‍ 63 രൂപകൊടുക്കണം. ജൂലായ് ഒന്നുമുതല്‍ ജി.എസ്.ടി. ഭക്ഷണവിലയില്‍ ഉള്‍പ്പെടുത്തണമെന്ന് റെയില്‍വേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് ഇത്രയും വിലകൂട്ടിയത്.

എ.സി.യില്ലാത്തതുകൊണ്ട് പരമാവധി 12 ശതമാനമേ ജി.എസ്.ടി. ഈടാക്കാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും രൂപ വര്‍ധിപ്പിച്ചത് ഏത് മാനദണ്ഡം വെച്ചാണെന്ന് വ്യക്തമല്ല. ഇതോടൊപ്പംതന്നെ എണ്ണപ്പലഹാരങ്ങള്‍ക്ക് വില എട്ടില്‍നിന്ന് ഒമ്പതാക്കിയിട്ടുണ്ട്. ഐ.ആര്‍.സി.ടി.യുടെ കീഴിലുള്ള ഹോട്ടലില്‍ ഇപ്പോള്‍ ഊണിന് 85 രൂപയുമാണ്. അതുകൊണ്ട് ഇനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എവിടെയും കുറഞ്ഞവിലയ്ക്ക് ഊണുകിട്ടില്ലെന്ന് വ്യക്തം.

കച്ചവടക്കാര്‍ക്ക് വിലകൂട്ടാന്‍ അനുമതിയില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്താല്‍ നടപടിയുണ്ടാവുമെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കരാര്‍ ഏറ്റെടുക്കുന്ന സമയത്ത് നിശ്ചയിച്ച വിലതന്നെ പിന്നീടും ഈടാക്കാന്‍ പാടുള്ളൂ എന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. എന്നാല്‍ 48,000 രൂപയാണ് റെയില്‍വേ സ്റ്റേഷനില്‍ ഹോട്ടല്‍ നടത്താന്‍ ദിവസവും ലൈസന്‍സ് ഫീസ് നല്‍കേണ്ടിവരുന്നതെന്നും അതുകൊണ്ട് നടത്തിപ്പ് നഷ്ടത്തിലാണെന്നുമാണ് കച്ചവടക്കാരുടെ വാദം.