എല്ലാം ശരിയാക്കാന്‍ ആര് വരുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; ‘തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടത്‌ രാഷ്ട്രീയ ഇച്ഛാശക്തി’

single-img
6 July 2017


കൊച്ചി: സര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ പുറത്തായത്.

തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയും അതിനുള്ള ഊര്‍ജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാം ശരിയാകുമെന്നു പറഞ്ഞാണു സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതു നടക്കില്ലെന്നു തോന്നുന്നതു പൊതുതാല്‍പര്യത്തിനു വിരുദ്ധമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികള്‍ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണ് വേണ്ടതെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

മൂന്നാറില്‍ അനധികൃതമായി കൈവശം വച്ച് സ്വകാര്യ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. സ്വകാര്യ ഹോംസ്റ്റേ നടത്തുന്ന വി വി ജോര്‍ജിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവ്. കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം.

ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി.വി. ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.