കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം കൂട്ടും; പുതുക്കിയ ശമ്പളം അടുത്തമാസം മുതല്‍

single-img
6 July 2017

കൊച്ചി: കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കും. കെസിബിസി ലേബര്‍ കമ്മിഷന്റെയും ഹെല്‍ത്ത് കമ്മിഷന്റെയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ആശുപത്രി ഡയറക്ടര്‍മാരുടെയും യോഗത്തിലാണു തീരുമാനം. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതല്‍ ലഭിക്കും.

അതേസമയം നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാന്‍ 11 അംഗസമിതിയെ ചുമതലപ്പെടുത്തി. വേതന പരിഷ്‌കരണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതിനാലാണിത്. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് സഭ പറയുന്നു. മാത്രവുമല്ല നീതിപൂര്‍വമായ വേതനം ഏതൊരു തൊഴിലാളിയുടെയും അവകാശമാണെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കത്തോലിക്കാ സഭയുടെ എല്ലാ ആശുപത്രികളുടെയും നിയമാനുസൃതവും മാതൃകാപരവുമായ നടത്തിപ്പിനായി കെസിബിസി രൂപം നല്‍കിയ മാനവവിഭവ പരിപാലന നയം നടപ്പാക്കാനും തീരുമാനമായി. വേതനവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലായിരുന്നു. നഴ്‌സുമാര്‍ ഉള്‍പ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു.

ചട്ടപ്രകാരമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം കാത്തു നില്‍ക്കാതെ കത്തോലിക്ക സഭയുടെ കീഴിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.