ലോക ബാങ്ക് ടീം ലീഡര്‍ക്കെതിരായ വംശീയ അധിക്ഷേപം: മന്ത്രി സുധാകരന്‍ മാപ്പു പറഞ്ഞു

single-img
6 July 2017

ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാഡ് അരിട്വക്കെതിരായ വംശീയ അധിക്ഷേപത്തില്‍ മന്ത്രി ജി. സുധാകരന്‍ മാപ്പു പറഞ്ഞു. കേരളത്തിലെ ജാതിപ്പേരുകള്‍ പോലെയാണ് എന്ന് കരുതിയാണ് പ്രയോഗിച്ചതെന്നും ഉദ്യോഗസ്ഥന് രേഖാമൂലം മാപ്പപേക്ഷ നല്‍കുമെന്നും ജി. സുധാകരന്‍ പറഞ്ഞു. നിയമസഭയില്‍ ഉപയോഗിച്ചു കേട്ടിട്ടുള്ള പദമാണ് താന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചതെന്നും അമേരിക്കയില്‍ നിരോധനമുള്ളതായി അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക ബാങ്ക് പ്രതിനിധികള്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയാല്‍ ഇക്കാര്യം അവരെ നേരിട്ടു ബോധ്യപ്പെടുത്താനും തയ്യാറാണെന്നു സുധാകരന്‍ പറഞ്ഞു.

കാസര്‍ഗോഡ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേരളത്തില്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വയെ മന്ത്രി ജി സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചത്. ”നാലു തവണ ലോക ബാങ്ക് പ്രതിനിധികള്‍ തന്നെ കാണാന്‍ വന്നിരുന്നു. ഒരു ആഫ്രിക്കന്‍ വംശജനാണ് ഇവിടുത്തെ ടീം ലീഡര്‍. അയാള്‍ ഒരു നീഗ്രോയാണ്. നൂറ്റാണ്ടിനുമുന്‍പ് അടിമകളാക്കി അമേരിക്കയില്‍ കൊണ്ടുവന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്”. ഇതായിരുന്നു സുധാകരന്റെ പ്രസ്താവന.

ലോക ബാങ്കിന്റെ ധനസഹായത്തോടെയുള്ള കെഎസ്ടിപി പദ്ധതിയില്‍ ഏറെ അഴിമതികള്‍ നടക്കുന്നുണ്ട്. ഇക്കാര്യം വിശദമാക്കിക്കൊണ്ട് ലോക ബാങ്കിന് കത്തെഴുതുന്നുണ്ട്. താന്‍ വര്‍ണവെറി വച്ചു പുലര്‍ത്തുന്ന ആളല്ലെന്നും തന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ പരമാര്‍ശം മോശമായി എന്നു വ്യക്തമാക്കിയതിനാല്‍ ക്ഷമ ചോദിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.