റിയല്‍ എസ്റ്റേറ്റിന് പണം മുടക്കിയ ദിലീപിന്റെ വിദേശത്തുള്ള ബന്ധുവാര്?, നടിക്ക് ഇതുമായി ബന്ധം എന്ത്?; അന്വേഷണം തുടരുന്നു

single-img
6 July 2017

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ ദിശകളിലേക്ക്. ആക്രമിക്കപ്പെട്ട നടിയും നടന്‍ ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നോ എന്നും ആക്രമണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെ സംബന്ധിച്ചും വിപുലമായ അന്വേഷണം പുരോഗമിക്കുകയാണിപ്പോള്‍. കൂടാതെ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പണം മുടക്കിയിരുന്നത് വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ ഭര്‍ത്താവാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നടിയുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷിച്ചു വരികയാണ്. കേസില്‍ നടിക്കെതിരേ പള്‍സര്‍ സുനിക്ക് രണ്ടു ക്വട്ടേഷന്‍ കിട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ഒരെണ്ണം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണെന്ന സംശയവും ഉയരുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പത്തെ ക്വട്ടേഷനായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ സംഘം തീരുമാനിച്ചത്.

ഇതിനിടയില്‍ നാദിര്‍ഷയുടെയും ദിലീപിന്റെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അളന്നുതിരിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ദിലീപിന്റെ അനുജനും നിര്‍മ്മാതാവുമായ അനൂപിനെ പോലീസ് ആലുവ പോലീസ് ക്‌ളബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയുടെയും ദിലീപിന്റെയും സ്വത്ത് കാര്യങ്ങളെക്കുറിച്ചും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുമായിരുന്നു അനൂപിനോട് അന്വേഷിച്ചത്.

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരും നിലവിലെ ഭാര്യ കാവ്യാമാധവനും ആക്രമിക്കപ്പെട്ട നടിയും ചേര്‍ന്ന് നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ചും നേരത്തേ പോലീസ് അന്വേഷണം നടത്തിയിരുന്നു. ചെങ്ങമനാട് വില്ലേജിലെ ചുങ്കത്തെ രണ്ടേക്കറോളം വരുന്ന സ്ഥലവും എടത്തല പഞ്ചായത്തില്‍ പാര്‍പ്പിട സമുച്ചയത്തിനുവേണ്ടി വാങ്ങിയ ഏക്കര്‍ കണക്കിന് ഭൂമിയിലും ആക്രമണത്തിന് ഇരയായ നടിക്ക് പങ്കാളിത്തം ഉണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം.

ഇത് സംബന്ധിച്ച് റവന്യൂ വകുപ്പില്‍ നിന്ന് പോലീസ് രേഖകള്‍ ശേഖരിച്ചിരുന്നു. ആദ്യ ഭാര്യയുമായി അകല്‍ച്ച തുടങ്ങിയതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിന് പ്രധാന കാരണം വസ്തുവുമായി ബന്ധപ്പെട്ട അവകാശം ഒഴിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും പറയപ്പെടുന്നു. ഈ മേഖലയില്‍ കൂടുതല്‍ അന്വേഷണം നത്തിയാല്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണിപ്പോള്‍ അന്വേഷണ സംഘം.