ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി തോമസ് ഐസക്; ഭക്ഷണത്തിന് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി

single-img
5 July 2017

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുമായി ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച നടത്തി. ഏതാനും ചില ഭക്ഷ്യോത്പന്നങ്ങള്‍ക്കു മാത്രമാണ് നേരിയ തോതില്‍ വില കൂടുന്ന സാഹചര്യമുള്ളത്. മറ്റുള്ളവയ്ക്കാകട്ടെ വില കുറയേണ്ടതാണ്.

എന്നാല്‍ ചായയ്ക്കുള്‍പ്പെടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുളളത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ജിഎസ്ടി നിലവില്‍ വന്നതോടെ പല കടക്കാരും എംആര്‍പി വിലയോടൊപ്പം ജിഎസ്ടി കൂടി കൂട്ടിയാണ് വില്‍പന നടത്തുന്നത്. എംആര്‍പി നിരക്ക് ജിഎസ്ടി കൂടി ഉള്‍പ്പെട്ടതാണ്.

ജിഎസ്ടി നടപ്പിലാക്കിക്കഴിഞ്ഞാല്‍ സ്വാഭാവികമായും എംആര്‍പിയെക്കാള്‍ താഴ്ന്ന വിലയ്ക്കാണ് വില്‍ക്കേണ്ടത്. ഉല്‍പന്നങ്ങളുടെ എംആര്‍പിയെക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ അനുവദിക്കില്ലെന്നും നിയമം അനുസരിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുതന്നെ ധനമന്ത്രിയുമായി ഒരു വട്ടംകൂടി ഹോട്ടല്‍ ഉടമകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ജി.എസ്.ടി.യുടെ പേരിലുള്ള വിലക്കയറ്റത്തെക്കുറിച്ച് വിശദീകരിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനമന്ത്രി കത്തയച്ചിരുന്നു. നികുതിഭാരം കുറഞ്ഞതനുസരിച്ച് സാധനങ്ങളുടെ പരമാവധിവില (എം.ആര്‍.പി) പുതുക്കി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ചാണ് കത്തയച്ചത്.