‘എംപ്ലോയ്മെന്റ് എന്നാല്‍ പണി എന്നൊക്കെ അര്‍ത്ഥം’; ശ്രീറാമിന് ആശംസകളുമായി കളക്ടര്‍ ബ്രോ

single-img
5 July 2017

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി കളക്ടര്‍ ബ്രോ. ശ്രീറാമിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചുകൊണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രാശാന്ത് നായര്‍ പിന്തുണ പ്രഖ്യാപിച്ചത്. പണ്ട് താനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമെന്നും എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരുമെന്നും വെങ്കിട്ടരാമന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. നാലുകൊല്ലം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന നിര്‍ദ്ദേശമാണ് ചീഫ് സെക്രട്ടറി ഉയര്‍ത്തിയത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ശ്രീറാമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല അനധികൃത കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎംസിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ സിപിഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് സബ്കളക്ടറെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.