മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും മത്സരിക്കാന്‍ ഒരുങ്ങുന്നു

single-img
5 July 2017

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും മത്സരിക്കാന്‍ ഒരുങ്ങുകയാണ്. മോഹന്‍ ലാല്‍ ചിത്രം ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രവും ഒരുദിവസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ്.

താജ് വിവാന്റയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ സംവിധായകന്‍ ജിത്തു ജോസഫ് പ്രണവിന്റെ നായകപ്രവേശം പ്രഖ്യാപിച്ചത്. ആദി എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ ചില കള്ളങ്ങള്‍ മാരകമായിരിക്കാം (Some Lies Can Be Deadly) എന്നാണ്. ടൈറ്റില്‍ വേഷമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചടങ്ങില്‍ പുറത്തിറക്കി.

ജിത്തു ജോസഫിന്റെ ഒമ്പതാമത്തെ ചിത്രമാണിത്. എട്ട് സിനിമകള്‍ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെന്‍ഷനാണ് ഇപ്പോള്‍ തനിക്കെന്ന് ജിത്തു പറഞ്ഞു. എവിടെ പോയാലും ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമാണ് എന്നോട് എല്ലാവരും ചോദിക്കുന്നത്. പ്രണവിന്റെ കഥാപാത്രത്തെയും ചിത്രത്തിന്റെ കഥയെക്കുറിച്ചും അറിയണം. എന്നാല്‍, ”ഭയപ്പെടേണ്ട കാര്യമില്ല, എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ എന്നോട് പറഞ്ഞത്” ജിത്തു പറഞ്ഞു.

ഹൈദരാബാദ്, ബനാറസ്, പാലക്കാട് എന്നിവിടങ്ങളിലാണ് ഒടിയന്റെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ 24 മണിക്കൂര്‍ കൊണ്ട് പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്. അച്ഛനും മകനും തമ്മിലുള്ള മത്സരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഇരു ചിത്രങ്ങളുടേയും റിലീസിങ്ങ് ദിവസത്തിനായാണ്.