പരല്‍ മീനിനെ പിടിച്ച് വമ്പന്‍ സ്രാവിനെ വീഴ്ത്താനുള്ള ശ്രമത്തില്‍ അന്വേഷണസംഘം; ആദ്യ അറസ്റ്റ് ഉടന്‍?

single-img
5 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക അറസ്റ്റിന് കളമൊരുങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത രണ്ടുദിവസത്തിനകം ആദ്യ അറസ്റ്റ് ഉണ്ടായേക്കാം. കേസില്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവിന്റെ സഹായിയെയാകും ആദ്യം അറസ്റ്റ് ചെയ്യുക എന്നാണ് സൂചന. സഹായിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഇതിന് ശേഷം മാത്രമേ വന്‍ സ്രാവുകളിലേക്ക് നീങ്ങൂ എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ഇന്നലെ നടന്ന യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകളും തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് പഴുതടച്ചുള്ള അറസ്റ്റിലേക്കാണ് അന്വേഷണസംഘം നീങ്ങുന്നത്. ഇതിന് മുന്നോടിയായി കൂടുതല്‍പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം, അഞ്ചുപേരുടെ അറസ്റ്റിന് പൊലീസ് മേധാവി അനുമതി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുപോകാതെ അതീവ രഹസ്യമായാണ് പൊലീസ് കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതേ നില തുടരാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ വൈകിട്ടാണ് ആലുവ പൊലീസ് ക്ലബില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.

അന്വേഷണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. അതേസമയം, ആരോപണ വിധേരായ പ്രമുഖ നടനെയും സംവിധായകനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇരുവരും വ്യത്യസ്തമായ മൊഴിയാണ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.