കേരളത്തില്‍ ഡെങ്കി പിടിമുറുക്കുന്നു; ഡെങ്കിപ്പനി ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്

single-img
5 July 2017

ന്യൂഡല്‍ഹി: രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,760 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 9,104 കേസുകളും കേരളത്തില്‍ നിന്നാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് ജൂലായ് രണ്ടുവരെയുള്ള കണക്കുകള്‍ പരിശോധിച്ചത്. പ്രാദേശികതലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ കേരളം പരാജയപ്പെട്ടെന്നാണ് കേന്ദ്ര സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊതുക് നശീകരണത്തിന് കേരളം കാര്യമായ പരിപാടികളും ആസൂത്രണം ചെയ്തില്ല. ഇക്കൊല്ലം മഴ നേരത്തെ എത്തിയതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. 150ലേറെ പനി മരണങ്ങളാണ് ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും കേരളം സഹായത്തിനായി സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സികെ മിശ്ര യോഗത്തില്‍ വ്യക്തമാക്കി.

കേരളം ആവശ്യപ്പെട്ടാല്‍ എല്ലാവിധ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മഴക്കാല രോഗങ്ങള്‍ തടയാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജനുവരിയില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടും ഇതെല്ലാം അവഗണിച്ച സംസ്ഥാനങ്ങളോട് കേന്ദ്രം അതൃപ്തി അറിയിച്ചു. നിലവില്‍ രോഗ പ്രതിരോധത്തിനാണ് കേന്ദ്രം ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി നിശ്ചിത ഇടവേളകളില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.