സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം; ‘കൃഷ്ണദാസിന്റെ പണം വാങ്ങി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നു’

single-img
5 July 2017

വടകര: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാനെതിരായ വിദ്യാര്‍ത്ഥിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രഹസ്യനീക്കം നടത്തിയെന്ന ആരോപണവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം. പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് കെ. സുധാകരന്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ആരോപിച്ചു.

ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാ കുറിപ്പ് തയാറാക്കിയതിലും സുധാകരന് പങ്കുള്ളതായി സംശയിക്കുന്നു. കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ കേസുമായി ബന്ധപ്പെട്ട് എല്ലാ വിഷയത്തിലും ഇടപെടുന്ന സുധാകരനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് പിന്‍വിലിക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടത് തെറ്റെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും അഭപ്രായപ്പെട്ടു.

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന ചെയര്‍മാന്‍ കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ സുധാകരന്‍ ഇന്നലെ രഹസ്യചര്‍ച്ച നടത്തിയത്് വിവാദമായിരുന്നു. കൃഷ്ണദാസിന്റെ സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും സുധാകരന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൃഷ്ണദാസിന്റെ സുഹൃത്തായ ചെര്‍പ്പുളശ്ശേരിയിലെ വ്യാപാരിയുടെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ചര്‍ച്ച നടന്നത്.

എന്നാല്‍ നെഹ്‌റു കോളജിനെതിരെ സമരരംഗത്തുള്ള കോണ്‍ഗ്രസുകാര്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തുന്നുവെന്നാരോപിച്ചാണ് രാത്രി എട്ടരയോടെ അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് വളഞ്ഞതോടെ ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ച് ഷമീര്‍ ഷൗക്കത്തലിയും കുടുംബവും മടങ്ങി. എന്നാല്‍ കെ. സുധാകരന്‍ പുറത്തിറങ്ങിയ ശേഷമേ തങ്ങള്‍ പിരിഞ്ഞുപോകൂവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി കെ.എം. സൈതാലി, സി.ഐ, എസ്.ഐ ലിബി എന്നിവര്‍ സ്ഥലത്തെത്തി ഇവരെ നീക്കിയ ശേഷം രാത്രി പത്തരയോടെയാണ് സുധാകരന്‍ പുറത്തിറങ്ങിയത്.