ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്; സര്‍ക്കാരിന് നന്ദിയെന്ന് അമ്മ മഹിജ

single-img
5 July 2017

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത് വിജ്ഞാപനമിറക്കിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

കേസ് സിബിഐയ്ക്ക് വിടുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിട്ട് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.

സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് വിട്ടതില്‍ ആശ്വാസമുണ്ട്. ഇതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് മഹിജ പറഞ്ഞു. ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.