ദിലീപും നാദിര്‍ഷയുമായി പള്‍സര്‍ സുനിക്ക് ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധം; ജിന്‍സന്റെ പുതിയ വെളിപ്പെടുത്തല്‍

single-img
5 July 2017

കൊച്ചി: ദിലീപിനും നാദിര്‍ഷയ്ക്കും തന്നോട് ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധമാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി സഹതടവുകാരന്‍ ജിന്‍സന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെയും നാദിര്‍ഷയുടെയും കാര്യമാണ് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഒരു സ്ത്രീയെക്കുറിച്ച് ഒന്നും പറയുന്നില്ലേ എന്ന് തിരിച്ചു ചോദിച്ചതായും ജിന്‍സന്റെ വെളിപ്പെടുത്തലില്‍ പറയുന്നു.

ജയിലില്‍ നിന്നും നിരവധി തവണ പള്‍സര്‍ സുനി ദിലീപിന്റെ സഹായിയായ അപ്പുണ്ണിയെ വിളിച്ചിരുന്നതായും ജിന്‍സന്‍ പറയുന്നു. നാദിര്‍ഷയെ പള്‍സര്‍ സുനി ഫോണ്‍ വിളിച്ച് ബ്ലാക്‌മെയില്‍ ചെയ്യാനാണു ശ്രമിച്ചതെന്നു തോന്നിയില്ലെന്നും വളരെ സൗഹാര്‍ദ്ദപരമായ സംഭാഷണമായിരുന്നെന്നും പറഞ്ഞു. പ്രതിഫലം സംബന്ധിച്ചാണ് നാദിര്‍ഷയുമായി സുനി സംസാരിച്ചതെന്നും തുകയുടെ കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായതായി തോന്നിയിട്ടില്ലെന്നും ജിന്‍സന്‍ പറഞ്ഞു.

ഫോണ്‍ സംഭാഷണങ്ങളില്‍ സുനി സംതൃപ്തനായാണു കാണപ്പെട്ടത്. എന്തോ സാധനം കാവ്യാ മാധവന്റെ കടയില്‍ കൊടുക്കുന്ന കാര്യം പറയുന്നതും കേട്ടു. തന്റെ ഫോണ്‍ ദിലീപാണ് ഉപയോഗിച്ചത് എന്ന് അപ്പുണ്ണി പറഞ്ഞതായി നേരത്തേ വിവരം പുറത്തു വന്നിരുന്നു. പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ 2016 നവംബര്‍ മുതലുളള ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരുടെ ഫോണ്‍ വിളിയുടെ വിവരങ്ങളും വിശദാംശങ്ങളും പരിശോധിക്കുകയാണ് പോലീസ്.

നടിയെ ആക്രമിക്കുന്നതിന് മുമ്പും പിന്‍പും പള്‍സര്‍സുനി നിരവധി തവണ അപ്പുണ്ണിയുടെ മൊബൈലിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയുടെ മൊബൈല്‍ ദിലീപ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ ചിലപ്പോള്‍ ഉടന്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കാനും മതി. ഇതിനിടയില്‍ സുനി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മറ്റാരുടെയോ ഫോണിലേക്ക് അയച്ചതായും വിവരമുണ്ട്. അതാരാണെന്നും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

പള്‍സര്‍ സുനിയുടെ മൊഴി വന്നതോടെ വിവാദകേന്ദ്രമായി മാറിയ കാവ്യാമാധവന്റെ വസ്ത്രസ്ഥാപനം ലക്ഷ്യയില്‍ നിന്നും സുനി വന്നപ്പോള്‍ ഉണ്ടായിരുന്ന പഴയ ജീവനക്കാരെ മാറ്റിയതായി സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പഴയ സ്റ്റാഫുകളെയും തപ്പിയെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ നിന്നും കണ്ടെത്തിയതിന് പിന്നാലെ പഴയ ജീവനക്കാരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയതായിട്ടാണ് വിവരം.