‘നടിമാര്‍ മോശക്കാരെങ്കില്‍ കിടക്ക പങ്കിടേണ്ടി വരും’; വിവാദ പരാമര്‍ശം ഇന്നസെന്റിന് പൊല്ലാപ്പാകുന്നു

single-img
5 July 2017

തൃശ്ശൂര്‍: നടിമാരെ കുറിച്ച് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.

മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഇതിനു നല്‍കിയ വിശദീകരണത്തിനിടെയാണ് ഇന്നസെന്റിന്റെ ഭാഗത്തു നിന്നും വിവാദ പരാമര്‍ശം ഉണ്ടായത്. ‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആ സ്ത്രീ പറയും.

അങ്ങനെയൊരു സംഭവമേയില്ലെന്ന്. പിന്നെ അവര് മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ. വളരെ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത് എന്നും ഇന്നസെന്റ് മറുപടി നല്‍കിയിരുന്നു. ഇന്നസെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വിവാദ പരാമര്‍ശത്തിനെതിരെ നടിമാരുടെ സംഘടനയായ ‘വിമന്‍ ഇന്‍ കളടീവ് സിനിമ’യും രംഗത്തെത്തിയിട്ടുണ്ട്.

‘മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. എന്നായിരുന്നു ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെ പാര്‍വ്വതി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്.