ആധാര്‍ എടുത്തിട്ട് മതി കല്യാണം: വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയേക്കും

single-img
5 July 2017

വിവാഹ രജിസ്‌ട്രേഷനും ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി ദേശീയ നിയമ കമ്മിഷന്‍. ജനന മരണ രജിസ്‌ട്രേഷനൊപ്പം വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270മത് നിയമഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്.

കല്യാണ രജിസ്‌ട്രേഷനുള്ള സമയം 30 ദിവസമായി ചുരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. 30 ദിവസത്തിനു ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം. ഒരു വര്‍ഷത്തിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവു വേണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ജനന, മരണ രജിസ്‌ട്രേഷന്‍ പോലെ വിവാഹ രജിസ്‌ട്രേഷന്റെയും ഉത്തരവാദിത്തം രജിസ്ട്രാര്‍ക്ക് ആയിരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കണമെന്നും ശിപാര്‍ശയുണ്ട്.

2006 ല്‍ വിവാഹ റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ 2015 ലെ ജനന മരണ റജിസ്‌ട്രേഷന്‍ അമന്റ്‌മെന്റ് പര്യാപ്തമാണോ എന്നാണ് കേന്ദ്രം കമ്മീഷനില്‍ നിന്നും 2017 ഫെബ്രുവരിയില്‍ ആരാഞ്ഞത്. ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.