പള്‍സര്‍ സുനിക്ക് ലഭിച്ചത് ഇരട്ട ക്വട്ടേഷനോ ?; കേസന്വേഷണം വീണ്ടും പുതിയ തലങ്ങളിലേക്ക്

single-img
5 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസന്വേഷണം വീണ്ടും പുതിയ തലങ്ങളിലേക്ക്. നടിക്കെതിരായ ആക്രമണം ഇരട്ട ക്വട്ടേഷന്‍ ആണെന്ന സംശയത്തിലാണിപ്പോള്‍ പോലീസ്. നടിയോട് വൈരാഗ്യമുള്ള രണ്ട് ഗ്രൂപ്പുകള്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങാനുള്ള നീക്കത്തിലാണിപ്പോള്‍ സംഘം. ഇതിനായി എട്ട് പേരടങ്ങുന്ന രണ്ട് അന്വേഷണ സംഘത്തിന് ഐജി രൂപം നല്‍കിയിട്ടുണ്ട്.

നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമേ കേസില്‍ പുതിയ അറസ്റ്റ് ഉണ്ടാകൂ എന്നാണ് വിവരം. അതേസമയം കേസില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും പൊലീസ് നല്‍കുന്നുണ്ട്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടത്.

അതിനിടെ കേസില്‍ ആരോപണവിധേയരായി നില്‍ക്കുന്ന നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നാണ് പുതിയ വിവരം. ജയിലില്‍നിന്ന് ലഭിച്ച ഫോണ്‍ വിളി തെളിവുകള്‍ നിരത്തിയാകും ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാവും ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുക.

ഇതു മുന്‍ നിര്‍ത്തിയുള്ള നൂറിലേറെ പേജ് വരുന്ന പുതിയ ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയെന്നുമാണ് വിവരം. ഇന്നോ നാളെയോ ഇവരെ ചോദ്യം ചെയ്യും. കഴിഞ്ഞ തവണ രണ്ട് പേരെയും 13 മണിക്കൂറോളമാണ് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്. ഇനി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയാല്‍ ഇവരുടെ അറസ്റ്റിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.

ആദ്യഘട്ടചോദ്യംചെയ്യലില്‍ നാദിര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായ ചില നിസ്സഹകരണമാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ഇരുവരുടേയും മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഫോണിലേക്ക് വന്ന ചില കോളുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നാദിര്‍ഷ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് പൊലീസിന് സംശയം ഉണ്ടാക്കിയിരിക്കുകയാണ്.

ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആക്രമണത്തിനിരയായ നടിയുമായുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് ചോദിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ദിലീപ് ഇത് നിഷേധിച്ചിരുന്നു. രേഖകള്‍ നിരത്തിയപ്പോള്‍ ചിലത് ദിലീപിന് സമ്മതിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് കാരണമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.