പോലീസിന്റെ പുതിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ ദിലീപും നാദിര്‍ഷയും പിടിച്ചുനില്‍ക്കുമോ; കാര്യങ്ങള്‍ അറസ്റ്റിലേക്കോ ?

single-img
5 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആരെയെല്ലാം വിളിച്ചു, എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.

യോഗത്തില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം പേജാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. ആലുവ പൊലീസ് ക്ലബില്‍ നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന നിലപാടാണ് പൊലീസിന്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.

അന്വേഷണ സംഘത്തലവന്‍ ഐജി: ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ആലുവയില്‍ തങ്ങുകയാണ്.

കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും യോഗം പരിശോധിച്ചു. ആരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നോ അറസ്റ്റ് ഉടന്‍ ഉണ്ടാകുമോയെന്നോ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടമിട്ടവരെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ തിരുവനന്തപുരത്തായതിനാല്‍ ഇന്നലെ യോഗത്തില്‍ പങ്കെടുത്തില്ല. കൊച്ചിയില്‍ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സുപ്രധാന യോഗം ചേര്‍ന്നത്.