ശത്രുസംഹാരം നടത്തി ദിലീപും കാവ്യയും; കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത് രഹസ്യമായി

single-img
5 July 2017

കൊടുങ്ങല്ലൂര്‍: നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ദിലീപിന്റെയടക്കമുള്ള പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നതിനിടെയാണ് താരജോഡികള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയത്. 28 സ്വര്‍ണത്താലികള്‍ നടയില്‍ സമര്‍പ്പിച്ച് ഇരുവരം തൊഴുതു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ക്ഷേത്രം തുറന്നയുടനെ ആയിരുന്നു ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. വടക്കേ നടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. ഇടക്കിടെ ക്ഷേത്രത്തില്‍ എത്താറുളള ദിലീപ് വരുന്ന വിവരം സാധാരണഗതിയില്‍ ക്ഷേത്രം അധികൃതരെ മുന്‍കൂട്ടി അറിയിക്കാറുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ദിലീപ് കാവ്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ചത് കൂടാതെ ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുളള വഴിപാടുകളും നടത്തി അഞ്ചുമണിയോടെയാണ് ഇവര്‍ മടങ്ങിയത്. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരു കാറിലാണ് ഇരുവരും മടങ്ങിയത്. കാവ്യ മാധവനുമായിട്ടുളള വിവാഹശേഷം ആദ്യമായിട്ടാണ് ദിലീപ് കൊടുങ്ങല്ലൂരില്‍ എത്തിയത്.

ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നതിന്റെ ഇടയിലാണ് ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.