‘ദിലീപിനെ അറസ്റ്റ് ചെയ്യില്ല, വമ്പന്‍ സ്രാവുകളെയും രക്ഷപ്പെടുത്തും’; കുടുങ്ങുന്നത് പള്‍സറും പരല്‍ മീനുകളും മാത്രം ?

single-img
5 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങിയേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനാക്കേസ് പഴുതുകളടച്ച് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞ് പള്‍സര്‍ സുനിയുടെ തലയില്‍ എല്ലാം കെട്ടിവച്ച് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണു സൂചന. ഇന്നലെ അര്‍ദ്ധരാത്രി വരെ പൊലീസുകാര്‍ യോഗം ചേര്‍ന്നത് വമ്പന്മാരെ എങ്ങനെ രക്ഷിക്കാമെന്ന് കണ്ടെത്താനാണെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഏതാണ്ട് ഉറപ്പായതായും സൂചനകള്‍ വരുന്നുണ്ട്. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്ത് വിട്ടയക്കാനാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത് അന്വേഷണം ഊര്‍ജ്ജിതമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നു.

ദിലീപിലേക്ക് അന്വേഷണം എത്തിച്ച എഡിജിപി ബി സന്ധ്യയെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയിലേക്ക് ഒതുക്കിയതും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബലമേകുന്നു. സന്ധ്യ തിരുവനന്തപുരത്തായതിനാല്‍ ഇന്നലെ യോഗത്തില്‍ പങ്കെടുത്തുമില്ല. ഇത് ദുരൂഹമാണെന്നും വിലയിരുത്തലുണ്ട്. അട്ടിമറി സൂചനകള്‍ മനസ്സിലാക്കി യോഗത്തിന് എത്താത്തതെന്നാണ് വിലയിരുത്തല്‍. ഇന്നലെ വൈകിട്ടാണ് ആലുവ പൊലീസ് ക്ലബില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുളള ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയതായും ഇതിനിടെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്ന് മൊഴിയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിവാഹം മുടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിന്നീട് ദൃശ്യം വെച്ച് നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ സുനില്‍കുമാര്‍ സ്വന്തമായി തീരുമാനിക്കുകയും ചെയ്തിരുന്നതായി പോലീസ് കരുതുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട് ഗൂഡാലോചനാ കേസില്‍ പ്രമുഖരെ ഒഴിവാക്കാമെന്ന് പോലീസ് കണക്കു കൂട്ടുന്നതായി ആരോപണം ഉയരുന്നുണ്ട്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപ് ഉള്‍പ്പെടെ അഞ്ചുപേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന സൂചനകളും ശക്തമായിരുന്നു. എന്നാല്‍ ഇന്നലത്തെ യോഗത്തിനു ശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമോ തെളിവുകളോ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആലുവ റൂറല്‍ എസ്.പി.എ.വി ജോര്‍ജ് പറയുന്നു.

പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസില്‍ അതിനിര്‍ണ്ണായകമായത്. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകള്‍ പൗലോസ് കണ്ടെത്തിയിരുന്നു. ജോര്‍ജേട്ടന്‍സ് പൂരത്തിലെ സെല്‍ഫി പുറത്തുവന്നതും ദൃശ്യങ്ങള്‍ കണ്ടെടുത്തതുമെല്ലാം ഇതിന്റെ സൂചനകളായിരുന്നു.

കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. പൊലീസിലെ പല ഉന്നതരും ഇത്തരം നീക്കമൊന്നും അറിയുകയും ചെയ്തില്ല. അതിന് പിന്നാലെ ബിജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. ഇത് പൗലോസിനെ ഒതുക്കി കേസില്‍ നിന്ന് പ്രമുഖരെ രക്ഷപ്പെടുത്താനാണ് എന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.