‘പള്‍സറു’മൊത്തുള്ള ഫോട്ടോ ധര്‍മ്മജന് പൊല്ലാപ്പായി: പോലീസ് ചോദ്യംചെയ്തു; കേസുമായി ബന്ധമില്ലെന്ന് ധര്‍മ്മജന്‍

single-img
5 July 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസ് കൂടുതല്‍ നിഗൂഢതകളിലേക്ക്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ പുറത്തുവന്നു. ഇരുവരും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രമാണ് പുറത്തുവന്നത്. തുടര്‍ന്ന് ധര്‍മ്മജനെ പൊലീസ് ചോദ്യം ചെയ്തു. ചില ഫോട്ടോകള്‍ കാണിച്ച് അറിയുമോയെന്ന് പൊലീസ് ചോദിച്ചുവെന്ന് ധര്‍മ്മജന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിരുന്നോയെന്നും പൊലീസ് ചോദിച്ചുവെന്നും ധര്‍മ്മജന്‍ പറഞ്ഞു. തന്നോടൊപ്പം ഒരുപാട് പേര്‍ ഫോട്ടോയെടുക്കാറുണ്ടെന്നും അവരെയെല്ലാം തനിക്കറിയില്ലെന്നും പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധര്‍മ്മജന്‍ മറുപടി നല്‍കി. നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധര്‍മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നര മണിക്കൂറോളം പൊലീസ് ധര്‍മ്മജനെ ചോദ്യം ചെയ്തു.

ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ധര്‍മ്മജന്‍ ആലുവയിലെ പൊലീസ് ക്ലബിലെത്തിയത്. ദിലിപീന്റെ സഹോദരന്‍ അനൂപ് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ധര്‍മ്മജയന്‍ എത്തിയത്. പൊലീസ് ക്ലബിന്റെ പ്രധാന ഗെയിറ്റിന് സമീപം ധര്‍മ്മജന്‍ അല്‍പ സമയം ശങ്കിച്ച് നിന്നിരുന്നു. ഈ സമയം അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ധര്‍മ്മജനോട് അവിടെയെത്തിയതിന്റെ കാരണം ചോദിച്ചു. അതിന് മറുപടിയായി അറിയില്ല മച്ചാനേ, ഡിവൈഎസ്പി പറഞ്ഞിട്ടാണ് താന്‍ വന്നതെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. തുടര്‍ന്ന് ഗെയിറ്റ് തുറന്ന് ധര്‍മ്മജന്‍ അകത്തുപ്രവേശിച്ചു.

ധര്‍മ്മജനെ വിളിച്ചുവരുത്തിയതിന് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്. ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന. ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച പാപ്പി അപ്പച്ച നിര്‍മ്മിച്ചതും അനൂപായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ പ്രധാനവേഷം ചെയ്തിരുന്നു.