കഥ മാറുന്നു: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാന്‍; നടിയോട് ഒന്നിലധികം പേര്‍ക്ക് ശത്രുത

single-img
5 July 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുളള ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്ന് മൊഴിയുണ്ട്. ഇതാണ് വിവാഹം മുടക്കാനാണോയെന്ന സംശയത്തിലേക്ക് നയിച്ചത്. വിവാഹം മുടങ്ങുന്നത് കൊണ്ട് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിവാഹം മുടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിന്നീട് ദൃശ്യം വെച്ച് നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ സുനില്‍കുമാര്‍ സ്വന്തമായി തീരുമാനിക്കുകയും ചെയ്തിരുന്നതായി പോലീസ് കരുതുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനില്‍ക്കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പോലീസിന് കിട്ടിയിരുന്നു.

അതിന്റെ വിശദാംശങ്ങള്‍ പിറ്റേന്ന് തന്നെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പോലീസിന് നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ അന്വേഷണം കുറ്റകൃത്യം ചെയ്യാന്‍ പ്രതികളെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ ഗൂഡാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ്.

നടിയുടെ അഭിനയ-വ്യക്തി ജീവിതങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ ചോദ്യം ചെയ്താല്‍ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇവര്‍ കുറ്റം ചെയ്തതിനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍, നാദിര്‍ഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുന്‍പരിചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി.

ഇതോടെയാണ് ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുന്‍പരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകള്‍ പല ഭാഗത്തു നിന്നും ലഭിച്ചതോടെയാണ് അന്വേഷണ സംഘവും ദിലീപിനെ സംശയിച്ചത്. സുനില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാന്‍ വഴിയൊരുക്കി. എന്നാല്‍, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘത്തില്‍ ഏകാഭിപ്രായമായിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേര്‍ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. ക്വട്ടേഷന്‍ യഥാര്‍ഥത്തില്‍ ആര്‍ക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താല്‍പര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവില്‍ നടിയെ നേരിട്ടു ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ സുനില്‍ സ്വന്തം നിലയില്‍ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചനയെങ്കിലും ഇത് അനന്തമായി നീളാനിടയില്ല.