കനത്ത മഴ ലഭിച്ചാല്‍ രോഗം പരത്തുന്ന കൊതുകുകള്‍ കുറയും; വിശദീകരണവുമായി ശാസ്ത്രജ്ഞര്‍

single-img
5 July 2017

പാലക്കാട്: പകര്‍ച്ചപ്പനി കൊണ്ട് പൊറുതി മുട്ടുന്ന സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നു ലഭിച്ചാല്‍ രോഗം പരത്തുന്ന കൊതുകുകളില്‍ നിന്നും തെല്ലൊരു ശമനമുണ്ടാവുമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. നല്ലൊരു മഴ ലഭിച്ചാല്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നു ചെറുതും ശക്തനുമായി മാറിയ ഈഡിസ് ഈജിപ്റ്റി കൊതുക് വീണ്ടും രൂപം മാറി വലുതാവും.

ഇതുവരെയുള്ള മഴയും പ്രതിരോധപ്രവര്‍ത്തനവും കാരണം കൊതുകിന്റെ മുട്ടകള്‍ ഏതാണ്ട് നശിച്ചതായാണ് വിലയിരുത്തല്‍. ബാക്കിയുള്ള മുട്ടകള്‍ ആവശ്യമായ വെള്ളം ലഭിച്ചാല്‍ വലുപ്പമുളള കൊതുകുകളായി മാറുമെന്നും കരുതുന്നു. വലിപ്പം കൂടുമ്പോള്‍ ഇവയുടെ കടിക്കാനുള്ള ശേഷി കുറയുകയും ചെയ്യും. ഇതോടെ അടുത്ത സീസണില്‍ കടിയേല്‍ക്കുന്നവരുടെയും രോഗികളുടെയും എണ്ണം കുറയുമെന്നാണ് നാഷണല്‍ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാ(എന്‍വിഡിസിപി)മിലെ ശാസ്ത്രജ്ഞരുടെ നിഗമനം.

അതേ സമയം ഇപ്പോള്‍ മഴയിലുണ്ടായ ഗണ്യമായ കുറവ് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തു ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്തതു മുതല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ രോഗ തീവ്രതയും മരണവും വര്‍ധിക്കുന്നതായാണ് കണക്ക്. ശരാശരി മഴ ലഭിച്ചതിന്റെ തൊട്ടടുത്തവര്‍ഷം രോഗികളുടെ എണ്ണവും മരണവും കുറവായിരിക്കും. ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ ആറിരട്ടിയാണ് ഡെങ്കിബാധിച്ചുള്ള മരണം.

വ്യാപകമായ പ്രതിരോധപ്രവര്‍ത്തനത്തെ തുടര്‍ന്നു ഒരു സ്ഥലത്തു നിന്നുതന്നെ കൂടുതല്‍ ഡെങ്കി റിപ്പോര്‍ട്ടു ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. പനി റിപ്പോര്‍ട്ടുചെയ്യുന്ന സ്ഥലത്ത് 24 മണിക്കൂറിനകം എത്തി വീടിനകത്തും പുറത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് എന്‍വിഡിസിപിയുടെ തീരുമാനം. കൊതുകിന്റെ സാന്ദ്രത കുറയുന്നതുവരെ നടപടി തുടരും. മരണസംഖ്യ പരമാവധി കുറയ്ക്കാന്‍ ചികിത്സാ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു.