സബ്കളക്ടറെ ‘ഒഴിപ്പിച്ച്’ സർക്കാർ; ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

single-img
5 July 2017

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കലി​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സ്ഥ​ലം​മാ​റ്റി. എം​പ്ലോ​യ്മെ​ന്‍റ് ഡ​യ​ക്ട​റാ​യാ​ണ് പു​തി​യ നി​യ​മ​നം. മാനന്തവാടി സബ്കളക്ടര്‍ ദേവികുളത്തിന്റെ ചാര്‍ജ് ഏല്‍ക്കുമെന്നാണ് വിവരങ്ങള്‍. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.

യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. നാലുകൊല്ലം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന നിര്‍ദ്ദേശമാണ് ചീഫ് സെക്രട്ടറി ഉയര്‍ത്തിയത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം തന്നെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചു.

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ശ്രീറാമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല അനധികൃത കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ സിപിഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് സബ്കളക്ടറെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേയായ ലൗഡേല്‍ ഒഴിപ്പിക്കലിന് എതിരെ ഉടമ വിവി ജോര്‍ജ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു കോടതി ഹര്‍ജി തള്ളിയത്. ലൗഡേല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണു ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാര്‍ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാര്‍ പ്രശ്‌നം വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറുടെ നടപടികളും ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമായിരുന്നു. സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ സംഘടനയായ കര്‍ഷകസംഘം നേരത്തെ സമരം നടത്തിയിരുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയടക്കമുള്ളവരും സബ്കളക്ടര്‍ക്കെതിരെ രംഗത്തു വന്നിരുന്നു.