500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി

single-img
4 July 2017

ന്യുഡല്‍ഹി: നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി കിട്ടിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഒരവസരം കൂടി നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കൃത്യമായ കാരണം അറിയിക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

യഥാര്‍ഥത്തില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അവസരം നിഷേധിക്കുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശമില്ലാത വ്യക്തികളില്‍ നിന്നും നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസ് ജൂലൈ 18 ന് വീണ്ടും കേള്‍ക്കുന്നുണ്ട്. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണം.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്. പിന്നീട് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ 50 ദിവസം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്കുകളില്‍ നീണ്ടു നിന്ന ക്യൂ മൂലം പലര്‍ക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആര്‍ബിഐയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ശക്തമായ പ്രതിഷേധം നടക്കുകയും ചെയ്തു. പുതിയ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവസരം നല്‍കിയാല്‍ ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍.