പിസി ജോര്‍ജിന് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സില്ല; ഡിജിപിക്ക് പരാതി

single-img
4 July 2017

കോട്ടയം: മുണ്ടക്കയത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടിയ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. പൊതു പ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. മുണ്ടക്കയം എസ്‌റ്റേറ്റിലെ പുറമ്പോക്ക് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കയ്യേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടന്നതിനിടെയാണ് എംഎല്‍എ തോക്ക് ചൂണ്ടിയത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തോക്ക് ലൈസന്‍സ് ഇന്ത്യന്‍ നിര്‍മ്മിതവും പ്രത്യേക അനുമതിയുള്ളതും വ്യക്തമായ നിരവധി നിയമങ്ങള്‍ പാലിച്ചിട്ടുള്ളതാകണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ വിദേശ നിര്‍മ്മിതമായ കാപ്‌സ്യൂള്‍ ടൈപ് പിസ്റ്റലാണ് പിസി ജോര്‍ജ്ജ് ഉപയോഗിച്ചത്. ഇത് ഉപയോഗിക്കാനുള്ള ലൈസന്‍സ് പിസി ജോര്‍ജ്ജിനില്ല.

ഇതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിനെതിരെ മുണ്ടക്കയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനോ പിസ്റ്റല്‍ പിടിച്ചെടുക്കാനോ ലൈസന്‍സ് പരിശോധിക്കാനോ തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാനുള്ള നടപടിയാണെന്നും ഇതില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല യാതൊരു പ്രകോപനവുമില്ലാതെയാണ് എംഎല്‍എ ജനങ്ങള്‍ക്കു നേരെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയതെന്നും പൊതുവെ ക്രിമിനല്‍ സ്വഭാവമുളള എംഎല്‍എ കൃത്യം വീണ്ടും ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതുകൊണ്ട് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനും ഇദ്ദേഹത്തിന് ഒന്നില്‍ കൂടുതല്‍ ലൈസന്‍സ് ഉള്ളതിനാല്‍ ഒന്ന് മാത്രം നലനിര്‍ത്തി മറ്റുള്ളവ റദ്ദാക്കാനും പരാതിയില്‍ പറയുന്നു.

മുണ്ടക്കയം വെള്ളനാടിയിലെ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ സമരം ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ പി.സി ജോര്‍ജ്ജ് തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്നവരുമായി പി.സി ജോര്‍ജ്ജ് സംസാരിക്കുന്നതിനിടയില്‍ തൊഴിലാളികളും മറ്റുചിലരും എത്തി.

കുടില്‍ കെട്ടി താമസിക്കുന്നവരുമായി ഇവര്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ പി.സി ജോര്‍ജ്ജ് തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ പിസി ജോര്‍ജ്ജിനെ തടഞ്ഞുവെച്ചതോടെയാണ് പി.സി ജോര്‍ജ്ജ് ഇവര്‍ക്കുനേരെ തോക്ക് ചൂണ്ടിയത്.