‘ഇന്ത്യയിലെ ആക്രമണങ്ങളുടെ സ്‌പോണ്‍സര്‍ പാകിസ്താന്‍’; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ തെളിവായി

single-img
4 July 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നതിന് തെളിവു ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാലുദ്ദീന്‍ പാക് ന്യൂസ് ചാനലായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖം ഇത് വ്യക്തമാക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇന്ത്യയില്‍ ഏത് നിമിഷവും എവിടെയും ആക്രമണങ്ങള്‍ നടത്താന്‍ ഇനിയും സാധിക്കും. ഇതിനുള്ള ആയുധങ്ങള്‍ നല്‍കാന്‍ പാകിസ്താന്‍ തയ്യാറാണ്. ഇതായിരുന്നു സലാലുദ്ദീന്റെ വെളിപ്പെടുത്തല്‍.

അതിര്‍ത്തി കടന്നും തീവ്രവാദം നടത്തുന്ന പാക് പോളിസിയുടെ തെളിവാണ് ഈ അഭിമുഖമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന നയവ്യത്യാസങ്ങള്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുക എന്ന പാക് പോളിസിയെ തുറന്നു കാട്ടുന്നതാണ് സലാലുദ്ദീന്റെ കുറ്റസമ്മതമെന്നും വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

പാകിസ്താനില്‍ തീവ്രവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതായും ഫണ്ടും ആയുധവും ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നുമാണ് ഈ അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങളെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു. സുരക്ഷാ സേനയെ സഹായിക്കുകയും അവര്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന അബ്ദുല്ല, മുഫ്തി കുടുംബങ്ങളിലുള്ളവര്‍ ഹിസ്ബുളിന് വേണ്ടിയും ഇത് ചെയ്യുന്നവരാണെന്ന് സലാലാദ്ദീന്‍ പറഞ്ഞു.

കാശ്മീരില്‍ നിന്ന് സൈന്യത്തെ ഒഴിപ്പിച്ച ശേഷം തെരഞ്ഞടുപ്പ് നടത്താന്‍ ഞാന്‍ ഇന്ത്യയെ വെല്ലുവിളിക്കുന്നു. എന്നാല്‍ മാത്രമെ കാശ്മീരികള്‍ എങ്ങനെ വോട്ട് ചെയ്യുമെന്ന് വ്യക്തമാകൂ. അപ്പോള്‍ സയ്യിദ് ഗീലാനി, മിര്‍വൈസ്, ഷബ്ബീര്‍ അഹമ്മദ്ഷാ, യാസിന്‍ മാലിക്, സയ്യിദ് സലാലുദ്ദീന്‍ തുടങ്ങിയവരാരെങ്കിലും നേതാവാകുന്നത് കാണാം. കാശ്മീരിലെ യഥാര്‍ഥ നേതാവ് ആരാണെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാമെന്നും സലാലുദ്ദീന്‍ പറഞ്ഞു. ആഗോള തീവ്രവാദി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും പ്രഖ്യാപനം തന്റെ മേല്‍ പുഷ്പവൃഷ്ടി നടത്തുന്ന പോലെയാണെന്നും സലാലുദ്ദീന്‍ അഭിമുഖത്തില്‍ പറഞ്ഞു.