അതിര്‍ത്തി കടന്നെത്തിയ പ്രണയം പൂവണിയുമോ?; സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി

single-img
4 July 2017


ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയ(25)യ്ക്കും ലഖ്‌നൗ സ്വദേശിയായ സയ്യിദി (28) നും ഇന്ത്യപാക് പ്രശ്‌നങ്ങളോ അതിര്‍ത്തിയിലെ സംഘര്‍ഷമോ ഒന്നുമല്ലിപ്പോള്‍ വിഷയം. അതിര്‍ത്തികള്‍ മായ്‌ച്ചെത്തിയ ഇവരുടെ പ്രണയ കഥയിലെ വില്ലനായിരിക്കുന്നത് വീസയാണ്. അതിനു കനിയേണ്ടതാവട്ടെ ഇന്ത്യയും. ഇവരുടെ പ്രണയാഭ്യര്‍ത്ഥന ഇപ്പോഴുള്ളത് സുഷമാ സ്വരാജിന്റെ മേശപ്പുറത്താണ്.

2012ല്‍ ലഖ്‌നൗവില്‍ വച്ചാണ് അയല്‍ രാജ്യക്കാരായ സാദിയയും സയ്യിദും പ്രണയത്തിലായത്. വരുന്ന ആഗസ്റ്റ് 1 ന് ലഖ്‌നൗവില്‍ വെച്ച് ഇവരുടെ വിവാഹം നടത്താന്‍ കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്കുള്ള സന്ദര്‍ശക വിസയ്ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പക്ഷേ ഒന്നില്‍ കൂടുതല്‍ തവണ ഹൈക്കമ്മീഷന്‍ വിശദീകരണം ഒന്നും നല്‍കാതെ ഇവരുടെ അപേക്ഷ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ വിസയ്ക്ക് ശ്രമിക്കുകയാണെന്നും കുടുംബം പറഞ്ഞു.

2012 മുതല്‍ ഇവര്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ്. വധുവിനും കുടുംബത്തിനും വിസ ലഭിക്കാതെ വന്നതോടെ വിവാഹം നീണ്ടു പോവുകയായിരുന്നു. ഈ വര്‍ഷമെങ്കിലും തങ്ങള്‍ക്ക് ഒന്നിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. പ്രശ്‌നത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് കാത്തിരിക്കുകയാണ് കുടുംബം. ‘ഈ മകളെ സഹായിക്കണം’ എന്നു പറഞ്ഞ് സാദിയ സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഇനിയിതിലാണ് പ്രണയം പൂവണിയാനുള്ള ഇവരുടെ മുഴുവന്‍ പ്രതീക്ഷയും.