പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി; ‘തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കും’

single-img
4 July 2017

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ല. നിലവറ തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കും. നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി രാജ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തണം. ഇതിനു ശേഷം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ബി നിലവറയും തുറക്കേണ്ടതുണ്ടെന്ന നിരീക്ഷണം നടത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളെ അമിക്കസ് ക്യൂറി പിന്തുണച്ചു. നിലവറ തുറക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും അമിക്കസ് ക്യൂറി അറിയിച്ചു. അതേസമയം, നിലവറ തുറക്കല്‍ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ അറിയിച്ചു.

കൂടാതെ ക്ഷേത്ര സുരക്ഷക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ റിപ്പേര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പത്മനാഭസ്വാമിയുടെ നാമത്തിലെ എട്ട് വജ്രങ്ങള്‍ കാണാതായ വിഷയത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. 80 വര്‍ഷത്തോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പൊലീസ് അന്വേഷണം തുടരട്ടെയെന്നാണ് സുപ്രീംകോടതി അറിയിച്ചത്.