മോദിയുടെ നാട്ടില്‍ ജിഎസ്ടിക്കെതിരെ ശബ്ദിക്കരുതെന്ന് ബിജെപി എംപി; ബലമായി കടകള്‍ തുറപ്പിക്കാനും ശ്രമം

single-img
4 July 2017

ഗുജറാത്തില്‍ ജിഎസ്ടിക്കെതിരായ വസ്ത്രവ്യാപാരികളുടെ സമരം ബല പ്രയോഗത്തിലൂടെ അവസാനിപ്പിക്കാന്‍ ശ്രമിച്ച് ബിജെപി. സുറത്ത് റിങ് റോഡിലെ മില്ലേനിയം മാര്‍ക്കറ്റില്‍ പ്രക്ഷോഭര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ടെക്‌സ്‌റ്റൈല്‍ രംഗത്ത് ജിഎസ്ടി നടപ്പിലാക്കുന്നതിനെതിരെ സമരം ചെയ്യുന്ന ജിഎസ്ടി സംഘര്‍ഷ് സമിതി അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച മാര്‍ക്കറ്റിലെത്തി സമരം ചെയ്ത വ്യാപാരികള്‍ക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തിവീശുകയായിരുന്നു എന്ന് വ്യാപാരികള്‍ ആരോപിച്ചു.

അനിശ്ചിതകാലം സമരം അവസാനിപ്പിക്കാനായി നേതാക്കള്‍ നിരന്തരം അഭ്യര്‍ത്ഥ നടത്തുന്നുണ്ടെങ്കിലും, റിങ് റോഡ്, സലഭാത്പുര, സാഹാര ദര്‍വാജ എന്നിവിടങ്ങളിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടിച്ചിരിക്കുകയാണ്. അടച്ചിട്ട കടകള്‍ തുറപ്പിക്കാന്‍ ഒരു സംഘമാളുകളും പൊലീസും ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. വ്യാപാരികള്‍ കട തുറക്കാന്‍ തയാറാകാതെ വന്നപ്പോള്‍, പൊലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. ഒട്ടേറെ വ്യാപാരികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറേഷന്‍ ഓഫ് സൂറത്ത് ടെക്‌സ്‌റ്റൈല്‍ ട്രേഡേര്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹികള്‍ക്കും പരിക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച്ച പത്ത് മണിക്ക് മാര്‍ക്കറ്റിലെത്തിയ തങ്ങളോട് ഒരു സംഘമാളുകള്‍ കട തുറക്കാന്‍ ആവശ്യപ്പെട്ടതായി ഫെഡറേഷന്‍ ഓഫ് സൂറത്ത് ടെക്‌സ്‌റ്റൈല്‍ ട്രേഡേര്‍സ് അസോസിയേഷന്‍ മുന്‍പ്രസിഡന്റ് അട്ടാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു . ബിജെപി എംപി സിആര്‍ പാട്ടീലുമായി സംസാരിച്ച് കൊണ്ടിരിക്കെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ക്രൂരതയ്‌ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ലാത്തിചാര്‍ജിനിടെ പൊലീസുകാരെ ജനക്കൂട്ടം ആക്രമിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
തുണിത്തരങ്ങള്‍ക്ക് ജിഎസ്ടി പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്ത് കളയണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ പതിനായിരക്കണക്കിന് വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരത്തിലാണ്. രാജ്യത്ത് തന്നെ ഏറ്റവും അധികം തുണിത്തരങ്ങള്‍ വന്‍തോതില്‍ നിര്‍മിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. ജിഎസ്ടി പ്രക്ഷോഭത്തില്‍ പങ്ക് ചേര്‍ന്ന വ്യാപാരികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നവരാസി എംപി സിആര്‍ പാട്ടീലിനും എതിരെ വ്യാപാരികള്‍ മുദ്രാവാക്യം വിളിച്ചു. കടകള്‍ ബലമായി തുറപ്പിക്കുന്നതിന് എപിയും പൊലീസിന് ഒപ്പം ചേര്‍ന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. സമാധാനപരമായി സമരം ചെയ്ത തങ്ങള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയതിനാല്‍ ഇനി പിന്നോട്ടില്ലെന്നാണ് വ്യാപാരികളുടെ തീരുമാനം.

അഞ്ച് ശതമാനം നികുതിയാണ് തുണിതരങ്ങള്‍ ജിഎസ്ടി പ്രകാരം ഈടാക്കുക. ഇത് ഒഴിവാക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. ഗുജറാത്തിലെ ഭൂരിപക്ഷം വ്യാപാരികളും ജിഎസ്ടി റജിസ്‌റ്റ്രേഷന് തയാറായിട്ടില്ല.