കാവ്യ മാധവനെ ചോദ്യംചെയ്യും, അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം

single-img
4 July 2017

കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ പോലീസ് ചോദ്യംചെയ്യും. കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പൊലീസ് നിര്‍ദേശം നല്‍കിയതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പൊലീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ദിലീപിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്. വീട്ടിലെ ഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകള്‍ എത്താറുണ്ടെന്നും അവര്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.