ബീഫിന്റെ പേരില്‍ കൊലപാതകം; ജുനൈദിന്റെ ഘാതകനെ കണ്ടത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പോലീസ്

single-img
4 July 2017

ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നവന്‍ എന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ജുനൈദിനെ കൊലപ്പെടുത്തിയ പ്രധാനപ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ ഹരിയാന പോലീസ് തുക വര്‍ദ്ധിപ്പിക്കുകയായിരുന്നു. ജൂണ്‍ 22 നായിരുന്നു ഡല്‍ഹി മധുര ട്രെയിനില്‍ വെച്ച് ജുനൈദ് എന്ന പതിനാറുകാരന്‍ കൊല്ലപ്പെട്ടത്.

പാരിതോഷികം വര്‍ധിപ്പിച്ച കാര്യം ഹരിയാന റെയില്‍വേ പൊലീസ് ഡിഎസ്പി മോഹന്‍ സിങ്ങാണ് പ്രഖ്യാപിച്ചത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഹരിയാന പോലീസ് പറഞ്ഞു. ജുനൈദിനെ കൊലപ്പെടുത്തിയാള്‍ക്ക് അഞ്ചടി ആറിഞ്ച് പൊക്കം, ഒത്തശരീരം, ക്ലീന്‍ ഷേവ്, പരന്ന താടിയെല്ല് തുടങ്ങിയ ലക്ഷണങ്ങളാണ് ഉള്ളതെന്നാണ് കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ പറയുന്നത്. ബീഫ് തീനിയെന്നും രാജ്യദ്രോഹിയെന്നും ആരോപിച്ചായിരുന്നു ആക്രമണം.

കൊലനടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും അക്രമിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ജുനൈദിനെ കത്തി കൊണ്ട് കുത്തി കൊന്നും സഹോദരന്‍മാരായ ഷാക്കിര്‍, ഹാഷിം എന്നിവരെ കുത്തി പരിക്കേല്‍പ്പിച്ചിട്ടുമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ കേസില്‍ ഇതുവരെ മൊത്തം അഞ്ചുപേരെയാണ് പോലീസ് പിടികൂട്ടിയുള്ളത്. കൊലപാതകം, കൊലപാതകശ്രമം, അനധികൃതമായി തടങ്കല്‍, സാമൂദായിക വിദ്വേഷത്തിനിടയാക്കുന്ന പ്രവൃത്തി, കയ്യേറ്റം, മതവിശ്വാസത്തെ വ്രണപ്പെടുത്ത തരത്തിലുള്ള പെരുമാറ്റം എന്നിങ്ങനെ വിവിധവകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.