മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജിഷ്ണുവിന്റെ കുടുംബം; ‘മുഖ്യമന്ത്രി ആദ്യം മുതല്‍ കേസ് അവഗണിച്ചു’

single-img
4 July 2017

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് തുടക്കം മുതല്‍ മുഖ്യമന്ത്രി അവഗണിച്ചെന്ന് ജിഷ്ണുവിന്റെ കുടുംബം. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടി രേഖകള്‍ ഉന്നത പൊലീസുദ്യേഗസ്ഥര്‍ അട്ടിമറിച്ചെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരം അവസാനിപ്പിക്കാന്‍ രേഖകളൊന്നും ഉണ്ടാക്കിയില്ലെന്നാണ് വിവരവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജിഷ്ണുവിന്റെ കുടുംബം ഇക്കാര്യം നിഷേധിച്ചു. വ്യവസ്ഥകള്‍ ഉണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ കള്ളം പറയുകയാണൈന്നും ഇക്കാര്യത്തില്‍ കുടുംബം പ്രതികരിച്ചു.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി തുടങ്ങി പത്ത് വ്യവസ്ഥകള്‍ വെച്ച് രേഖയുണ്ടാക്കിയതിനു ശേഷമാണ് സമരം അവസാനിപ്പിച്ചതെന്നും എന്നാല്‍ ഇതിന്റെ കോപ്പി തങ്ങള്‍ക്ക് നല്‍കിയില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവിന്റെ വാക്ക് കേട്ടാണ്. അതേസമയം സമരത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഇനിയും നടപ്പിലാക്കിയില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയ മഹിജയേയും കുടുംബത്തേയും പൊലീസ് വലിച്ചിഴച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചത്.

കഴിഞ്ഞമാസം ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് പറഞ്ഞ് ജി്ഷ്ണുവിന്റെ കുടുംബം മുന്‍ ഡിജിപി സെന്‍കുമാറിനെ കണ്ടിരുന്നു. ജിഷ്ണുവിന്റേതായി പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം ജിഷ്ണുവിന്റേതല്ലെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞതിനു പിന്നാലെ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചതിന് പിന്നില്‍ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണെന്ന് കുടുംബം ആരോപിച്ചിരുന്നു.