മൂന്നാര്‍: റിസോര്‍ട്ടുടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി, ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം

single-img
4 July 2017

മൂന്നാറില്‍ പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് ലൗഡേല്‍ ഹോംസ്‌റ്റേ സ്ഥിതി ചെയ്യുന്ന 22 സെന്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു റിസോര്‍ട്ട് ഉടമ വിവി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇതു തള്ളിയ കോടതി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ജോര്‍ജിന്റെ പക്കല്‍ മതിയായ രേഖയൊന്നുമില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് തടസമൊന്നുമില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ഭൂമി വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലമാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട്‌പോകുമെന്ന് റവന്യൂമന്ത്രി അറിയിച്ചു. ഈ റിസോര്‍ട്ട് ഒഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കിയതിനു പിന്നാലെ മൂന്നാര്‍ പ്രാദേശിക കക്ഷിനേതാക്കള്‍ ദേവികുളം സബ്കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച് റവന്യൂ വകുപ്പ് സെക്രട്ടറി പിഎച്ച്കൂര്യന്‍, ഇടുക്കി ജില്ല കളക്ടര്‍, ദേവികുളം സബ് കളക്ടര്‍ എന്നിവരെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.