യുദ്ധഭീഷണി ഉയർത്തി ചൈന: ഇന്ത്യന്‍ മഹാസമുദ്രം അടക്കമുള്ള മേഖലകളിൽ 14 ചൈനീസ് യുദ്ധക്കപ്പലുകള്‍

single-img
4 July 2017

യുദ്ധഭീഷണി ഉയർത്തി ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകള്‍ വിന്ന്യസിച്ചു.ഇന്ത്യയുമായി ഉരുണ്ടുകൂടുന്ന സംഘര്‍ഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത് പരിഹാരം കണ്ടില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതിനു പിന്നാലെയാണു യുദ്ധസമാനമായ സാഹചര്യം ഒരുക്കി ചൈനീസ് നാവിക സേന യുദ്ധക്കപ്പലുകൾ വിന്ന്യസിച്ചത്.

ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്-7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍-81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പല്‍ അടക്കമുള്ള കപ്പലുകളെ ഇന്ത്യ തിരിച്ചറിഞ്ഞത്. 14 ചൈനീസ് നാവികസേനാ കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്ന് നാവികസേന തിരിച്ചറിഞ്ഞിട്ടുണ്ട്.
1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലി അടുത്തിടെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1962 ലെ ചൈനയല്ല ഇന്നത്തെ ചൈനയെന്ന് ഇതിനോട് ചൈന പ്രതികരിച്ചിരുന്നു.ഭൂട്ടാന്റെ പേരുപറഞ്ഞ് ചൈനയുടെ അതിര്‍ത്തി കൈയ്യേറാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നതെന്നും ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചതായും ചൈന ആരോപിച്ചിരുന്നു.