ബസില്‍ വച്ച് ബിജെപി നേതാവിന്റെ പീഡനശ്രമം; യുവതി പരാതി നല്‍കി

single-img
4 July 2017

മുംബൈ: ഓടുന്ന ബസില്‍ സ്ത്രീയെ ചുംബിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലാവുന്നു. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ യുവതി പീഡനത്തിന് പോലീസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി ജില്ലയിലെ ചന്ദ്രാപൂര്‍ വഴി ബസില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ബിജെപി നേതാവ് രവീന്ദ്ര ബവന്ത്‌ഡേ ഒളിവില്‍ പോയി. സ്ത്രീയെ ചുംബിക്കുന്ന നേതാവിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ബസിനുള്ളിലെ സിസിടിവി ക്യാമറയില്‍ യുവതിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ബസില്‍ മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

വിവാഹ വാഗ്ദാനം നല്‍കിയാണ് രവീന്ദ്ര ബവാന്‍താഡെ തന്നെ പിഡീപ്പിച്ചതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ജോലി വാങ്ങിച്ച് നല്‍കാമെന്ന വാഗ്ദാനവും അയാള്‍ നല്‍കിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച്‌ മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.