മദ്യനിരോധനം: നഗരപാതകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി

single-img
4 July 2017

മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളില്‍ കൂടിയ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുകയാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാന്‍ ചണ്ഡീഗഡ് ഭരണകൂടം റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തുവെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.

നഗരങ്ങളിലുള്ള റോഡുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ കോടതി റോഡുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചന ബുദ്ധികാണിക്കണമെന്നും പറഞ്ഞു. കേസ് തുടര്‍ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഡ് ഭരണകൂടം സംസ്ഥാനദേശീയ പാതകള്‍ പുനര്‍ വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.