ഖേദ പ്രകടനം ഏറ്റില്ല; നടിയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസ് കുടുങ്ങി

single-img
4 July 2017

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ പ്രശസ്ത ചലച്ചിത്ര താരം അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി പൊലീസാണ് കേസെടുത്തത്. കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയാകുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞു. ഇത് അനീതിയാണ്. കേസില്‍ നീതി നടപ്പാകണം. എന്നാല്‍ അതൊരിക്കലും നിരപരാധിയായ വ്യക്തിയുടെ പ്രതിച്ഛായ തകര്‍ത്താകരുതെന്നും അജു പറഞ്ഞു. പിന്നീട് ഖേദം രേഖപ്പെടുത്തി അജു രംഗത്തെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനു നടന്മാര്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും പരാതി നല്‍കിയിട്ടുണ്ട്. നടന്മാരായ ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണു ഡിജിപിക്കു നല്‍കിയ പരാതിയിലെ ആവശ്യം.