ഇഫ്താര്‍ സംഗമത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സ്വാമി വിശ്വേശര തീര്‍ത്ഥ; വിവരം കെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല

single-img
3 July 2017

മംഗളരൂ: പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിതി സ്വാമി വിശ്വേശരയ്യ തീര്‍ത്ഥ. വിവരം കെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നായിരുന്നു ഹിന്ദുത്വ വാദികളോടുള്ള സ്വാമിയുടെ മറുപടി.

ഇതരമത സഹോദരങ്ങള്‍ക്ക് പഴങ്ങള്‍ കൈമാറിയാല്‍ ഹിന്ദുത്വം തകരുമെന്നും നമസ്‌കാരം ഗോമൂത്രം തളിച്ച് വൃത്തിയാക്കേണ്ട കര്‍മ്മമാണെന്നുമാണ് ഹിന്ദു ജനജാഗ്രിതി പറയുന്നത്. മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയാണ് നമസ്‌കാരം, അത് ക്ഷേത്രത്തിന് എന്ത് ഹാനിയാണ് വരുത്തുക. അത് തെറ്റാണെന്ന് ഏത് ധര്‍മ്മശാസ്ത്രത്തിലാണ് പറയുന്നതെന്നും സ്വാമി ചോദിക്കുന്നു.

ഹിന്ദുത്വശാസ്ത്രത്തെ കുറിച്ചോ പാരമ്പര്യം സംബന്ധിച്ചോ ഈ പ്രതിഷേധക്കാര്‍ക്ക് ജ്ഞാനമില്ലെന്നും അതിനാല്‍ അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശവുമില്ലെന്നും സ്വാമി വിശ്വേശര തീര്‍ത്ഥ പറഞ്ഞു. ഓരോ വിഭാഗത്തിനും അവരവരുടേതായ ആശയങ്ങളും തത്വസംഹിതകളും പാരമ്പര്യവും പിന്തുടരാന്‍ അവകാശവും സ്വാതന്ത്യവുമുണ്ട്.

ഇതര ആശയക്കാര്‍ക്കെതിരെ പേശിബലം പ്രയോഗിക്കുകയല്ല പരസ്പര ധാരണയോടെ വര്‍ത്തിക്കുകയാണ് വേണ്ടത്. താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. താന്‍ ചെയ്തത് മതസൗഹാര്‍ദത്തിനാണ് വഴിതുറക്കുക. പ്രതിഷേധക്കാരുടേത് മതസ്പര്‍ധയുമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ 150ലധികം പേരാണ് പങ്കെടുത്തത്. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയിലായിരുന്നു സംഗമം. പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. നേന്ത്രപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍, ഈന്തപ്പഴം, കശുവണ്ടി പരിപ്പും കുരുമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക പാനീയവും ചടങ്ങിനുണ്ടായിരുന്നു.

വിശ്വേശരയ്യ തീര്‍ത്ഥ സ്വാമി നോമ്പെടുത്തവര്‍ക്ക് ഈന്തപ്പഴം നല്‍കി നോമ്പ് തുറന്നതോടെയാണ് ഇഫ്താര്‍ ആരംഭിച്ചത്. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എംഎ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ഛില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖരും ഇഫ്താറില്‍ പങ്കെടുത്തു.