‘അധികാരം കയ്യടി വാങ്ങാനല്ല, തോന്നുമ്പോഴെല്ലാം കാര്‍ഡുയര്‍ത്തുന്ന റഫറിമാര്‍ ഉപദ്രവകാരികള്‍’; വിമര്‍ശനവുമായി തച്ചങ്കരി

single-img
3 July 2017

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനേയും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനേയും പരോക്ഷമായി വിമര്‍ശിച്ച് എഡിജിപി ടോമിന്‍ തച്ചങ്കരി. സേനയിലെ സുഖങ്ങള്‍ അനുഭവിച്ച ശേഷം അപജയത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത് ശരിയല്ലെന്നു തച്ചങ്കരി പറഞ്ഞു. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞു തീര്‍ക്കണം. പൊതുജനമധ്യത്തില്‍ പറയുകയല്ല വേണ്ടത്. കയ്യടിക്കുവേണ്ടി വിപ്ലവമുണ്ടാക്കുന്നവര്‍ പോയിക്കഴിഞ്ഞാല്‍ വിപ്ലവവും പോകുമെന്നും തച്ചങ്കരി പറഞ്ഞു.

പുസ്തകമെഴുതി പ്രശസ്തരാകാനാണ് മറ്റ് ചിലരുടെ ശ്രമമെന്നും ജേക്കബ് തോമസിനെ വിമര്‍ശിച്ച് തച്ചങ്കരി പറഞ്ഞു. ഫുട്‌ബോള്‍ മത്സരത്തില്‍ റഫറി ഗ്യാലറിക്ക് വേണ്ടി കാര്‍ഡ് ഉയര്‍ത്തരുത്. തോന്നുമ്പോഴെല്ലാം കാര്‍ഡുയര്‍ത്തുന്ന റഫറിമാരെക്കൊണ്ട് ഉപദ്രവമേയുള്ളു. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും പറയരുത്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.

പോലീസ് ആസ്ഥാനത്തെ കള്ളനാണ് ടോമിന്‍ തച്ചങ്കരിയെന്നും പോലീസ് ആസ്ഥാനത്തെ നിര്‍ണായകമായ ഫയലുകള്‍ തച്ചങ്കരി കടത്തിയെന്നും ടി.പി. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടു സര്‍ക്കാരുകളുടെയും സംരക്ഷണം തച്ചങ്കരിക്കു ലഭിച്ചിരുന്നെന്നും സെന്‍കുമാര്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.