ബുക്കിങ്ങില്‍ ഒരു ലക്ഷം കവിഞ്ഞ് ടാറ്റയുടെ ടിയാഗോ

single-img
3 July 2017

ന്യൂഡല്‍ഹി: ചെറുകാറുകളുടെ വിപണി കീഴടക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ടാറ്റ അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡല്‍ ടിയാഗോയുടെ ബുക്കിങ് ഒരു ലക്ഷം കവിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. കാര്‍ വിപണിയിലെത്തിയ 2016 ഏപ്രില്‍ മുതലുള്ള കണക്കുകളാണിത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ടാറ്റാ ടിയാഗോ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ കടക്കുന്നത്. ടിയാഗോയുടെ 4000 ത്തില്‍ പരം യൂണിറ്റുകളാണ് ഒരു വര്‍ഷത്തോളമായി ടാറ്റാ പ്രതിമാസം വിപണിയിലെത്തിച്ചത്.

ടാറ്റ വികസിപ്പിച്ച പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ടിയാഗോയ്ക്ക് കരുത്ത് പകരുക. 85 എച്ച്.പി കരുത്തും 114 എന്‍.എം ടോര്‍ക്കും പകരുന്നതാണ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍. 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 70 എച്ച്.പി പരമാവധി കരുത്തും 139 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. രണ്ടു ടൈപ്പ് വാരിയന്റുകളും മാന്വല്‍ ട്രാന്‍സ്മിഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോയുടെ അതെ എന്‍ജിന്‍ തന്നെയാണ് ടിഗോറിലും കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ടിയാഗോയുടെ അടിസ്ഥാനത്തിലുള്ള ടിഗോര്‍ കോംപാക്റ്റ് സെഡാന്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചു.

മാരുതി സുസൂക്കി സെലറിയോ എഎംടിയുമായാണ് ടാറ്റാ ടിയാഗോ എഎംടി വിപണിയില്‍ നേരിട്ട് മത്സരിക്കുന്നത്. അതേസമയം സെലറിയോ എഎംടിയുടെ വില 4.51 ലക്ഷം രൂപയാണ് എന്നത് ടിയാഗോയ്ക്ക് കനത്ത വെല്ലുവിളിയാണ്. ഇതിന് പുറമെ, 2017 ല്‍ പുറത്തിറക്കിയ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നെയും, മാരുതി സുസൂക്കി ഇഗ്‌നിസിനെയും, റെനോള്‍ട്ട് ക്വിഡ് 1.0 എഎംടി എന്നിവയുമായും മികച്ച മത്സരമാണ് ടിയാഗോ.

വന്നതിന് പിന്നാലെ വിപണിയെ സ്വാധീനിക്കുന്നതില്‍ വിജയിച്ച ടിയാഗോ, ടാറ്റയെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചൂവെന്നതും ശ്രദ്ധേയമാണ്.