തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ അടച്ചിട്ടു; 60 ശതമാനം നികുതി താങ്ങാനാവില്ലെന്ന് തിയേറ്റര്‍ ഉടമകള്‍

single-img
3 July 2017

ചെന്നൈ: ജിഎസ്ടിക്കു പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളും നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ആയിരത്തോളം തിയേറ്ററുകള്‍ അടച്ചിട്ടു. ജിഎസ്ടിയുടേതായി 28% നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി 30% നികുതിയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ 60 ശതമാനത്തോളം നികുതിയാണ് തിയറ്റര്‍ ഉടമകളുടെ മേല്‍ വന്നിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് തിയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്.

സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ ചില തിയേറ്ററുകള്‍ അടച്ചിട്ടുവെന്നും ഇന്ന് മുതല്‍ തിയേറ്ററുകള്‍ തുറക്കില്ലെന്നും തമിഴ്‌നാട് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അഭിരാമി രാമനാഥന്‍ പ്രതികരിച്ചു. സമരം സര്‍ക്കാരിനെതിരെയല്ല, ഇത്രയും കനത്ത തുക നികുതിയടയ്ക്കാന്‍ കഴിയാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി അനുസരിച്ച് 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവും 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവുമാണ് നികുതി അടയ്‌ക്കേണ്ടത്. ഇതിനു പുറമേ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നല്‍കണം. ഇതു പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 10 ലക്ഷത്തോളം പേരാണ് സിനിമാ വ്യവസായത്തെ ആശ്രയിക്കുന്നത്. ഇവര്‍ക്കെല്ലാം തീരുമാനം ബുദ്ധിമുട്ടാകുമെന്നും രംഗനാഥന്‍ വ്യക്തമാക്കി.

ഒരു രാജ്യം ഒറ്റ നികുതി എന്നു കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ട നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ടിക്കറ്റില്‍നിന്ന് 60 ശതമാനത്തോളം നികുതിയായി അടയ്‌ക്കേണ്ടിവരികയാണ്. അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും കേരളത്തിലും കര്‍ണാടകത്തിലും ജിഎസ്ടി മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിനിമാ ടിക്കറ്റുകള്‍ക്ക് മറ്റൊരു നികുതി കൂടി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയുമെന്ന ജിഎസ്ടിയുടെ കരട് ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. ജിഎസ്ടി നടപ്പാക്കുന്നതായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പു മാത്രമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും തമിഴ് സിനിമാ വ്യവസായം വിലയിരുത്തുന്നു.