ജനനേന്ദ്രിയം മുറിച്ച കേസില്‍ നുണപരിശോധനയില്ല; യുവതിക്ക് പോസ്‌കോ കോടതിയുടെ ശാസന

single-img
3 July 2017

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കു നുണപരിശോധനയില്ല. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ രണ്ടുപ്രാവശ്യം കോടതി യുവതിക്ക് അവസരം നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടി ഹാജരായില്ല. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് തിരുവനന്തപുരം പോസ്‌കോ കോടതി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ യുവതിയെ കോടതി ശാസിക്കുകയും ചെയ്തു. ഇന്നും പെണ്‍കുട്ടി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് യുവതിക്ക് കോടതി രണ്ടാമതും നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നുണപരിശോധന വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഇതു സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ യുവതി ഹാജരാവാത്തതിനെത്തുടര്‍ന്ന് ഈ ആവശ്യം പരിഗണിച്ചില്ല. യുവതിയുടെ അനുമതിയില്ലാതെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനാല്‍ നുണപരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി അറിയിച്ചു. കോടതി നടപടികളില്‍നിന്ന് വിട്ടുനിന്നാല്‍ കേസ് തള്ളുമെന്നും കോടതി പെണ്‍കുട്ടിക്ക് മുന്നറിയിപ്പു നല്‍കി. പുതിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിലപാട് നിര്‍ണായകമാകും.