നാദിര്‍ഷയും തച്ചങ്കരിയും നടി ആക്രമിക്കപ്പെട്ട ദിവസം കൂടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി ടിപി സെന്‍കുമാര്‍

single-img
3 July 2017

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

തച്ചങ്കരിയുടേയും നാദിര്‍ഷായുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ താന്‍ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഐജി അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

പോലീസിന്റെ ചോദ്യംചെയ്യല്‍ എങ്ങനെയായിരിക്കുമെന്ന് നാദിര്‍ഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് തച്ചങ്കരിയാണ് എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിര്‍ഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കൂടിക്കാഴ്ച നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, നടന്‍ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തത്.

ഇക്കാര്യത്തില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ അന്ന് തന്നെ ഇടപെട്ടതായി വിവരമുണ്ടായിരുന്നു. അന്നേ ദിവസം ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് സെന്‍കുമാറിന് ലഭിച്ചത്. അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാന്‍ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിര്‍ന്നില്ലെന്നാണ് സൂചന. ഈ എഡിജിപിയുമായുള്ള പരസ്യമായ അകല്‍ച്ചയും സെന്‍കുമാര്‍ സംയമനം പാലിക്കാന്‍ കാരണമായി.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ തന്നെ സമ്മതിച്ചിരുന്നു. കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്നാണ് നാദിര്‍ഷയുടെ വാദം. വീട്ടില്‍ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നല്‍കിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.