മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ ഇനി ഏകീകൃത ഭരണം: പള്ളിത്തര്‍ക്കത്തിന് വിരാമമിട്ട് സുപ്രീം കോടതി വിധി

single-img
3 July 2017

ന്യൂഡല്‍ഹി: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തകര്‍ക്കത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷങ്ങളായി തുടരുന്ന പള്ളിത്തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്.

1934 ലെ ഭരണഘടന പ്രകാരം പള്ളികളില്‍ ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി തയാറായില്ല. ഇതോടെ ഓരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും.

കോലഞ്ചേരി,വരിക്കോലി,മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്. സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു. വിധി യാക്കോബായ സഭയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.