ഉപാധികള്‍ പാലിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ സമയം കൂടി; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഖത്തര്‍

single-img
3 July 2017

ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി. മദ്ധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സൗദി ഉള്‍പ്പെട്ട സംഘം സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി നല്‍കിയത്. സൗദിക്കു പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതു 48 മണിക്കൂര്‍ കൂടി നീട്ടാനുള്ള തീരുമാനം.

മേഖലയിലെ തീവ്രവാദസംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചു കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കരജലവ്യോമയാന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ടുള്ള ഉപരോധം ഒരു മാസത്തോടടുക്കുമ്പോഴും പ്രശ്‌നപരിഹാരം നീളുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 22 നു സൗദി അനുകൂല രാജ്യങ്ങള്‍ പുറത്തു വിട്ട പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക തള്ളിക്കളയുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാന്‍ അല്‍ താനി പ്രഖ്യാപിച്ചിരുന്നു.

അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികരെ പിന്‍വലിക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ പതിമൂന്ന് നിര്‍ദേശങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ തള്ളുന്നതായി അറിയിച്ച ഖത്തര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉപാധികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറുള്ളൂവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന മറുപക്ഷം പത്തു ദിവസത്തെ സമയ പരിധി കഴിഞ്ഞാല്‍ വാണിജ്യ ഉപരോധം ഉള്‍പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതാണ് ഇന്ന് അവസാനിക്കുന്നത്. തുടര്‍ന്ന് കുവൈത്തിന്റെ അപേക്ഷ പ്രകാരമാണ് സൗദിയും സഖ്യരാജ്യങ്ങളും സമയപരിധി നീട്ടിയത്.

അതേസമയം, 48 മണിക്കൂറിനുശേഷവും ഉപാധികള്‍ പാലിക്കാന്‍ ഖത്തര്‍ തയാറാകുന്നില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുന്നത്. ഖത്തര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ആവര്‍ത്തിച്ചു. ഹമദ് രാജാവുമായും ഖത്തര്‍ അമീറുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഫോണില്‍ ചര്‍ച്ച നടത്തി.